കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തന്നെയും കമ്യൂണിസ്റ്റ് പാർട്ടിയേയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇ.പി പറഞ്ഞു. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങൾ ഒപ്പം ചേർന്നെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതുകൊണ്ടാണ് പോളിങ് ദിനംതന്നെ തനിക്ക് വിശദീകരിക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. പലരും വരും കാണും. അതിനെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. മനുഷ്യരല്ലേ ഒരുപാട് ശരി ചെയ്യുമ്പോള്‍ കുറച്ച് തെറ്റൊക്കെ പറ്റും. ഇടനിലക്കാരന് നന്ദകുമാറിന് തന്നെ പറ്റിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദേകത്തില്‍ ആദായ നികുതി റെയ്ഡ് ഉണ്ടായിട്ടില്ലെന്നും ഇ.പി ചൂണ്ടിക്കാട്ടി.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പാർട്ടിയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് എന്തിനാണ് പാർട്ടിയെ അറിയിക്കുന്നതെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. മാധ്യമങ്ങളെ കാണുമ്പോൾ പാർട്ടിയെ അറിയിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെ നടപടിയുണ്ടാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് ഇ.പി ആരോപിച്ചു. താൻ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് വാര്‍ത്ത കൊടുക്കാന്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ക്ക് ധൈര്യം കിട്ടിയത്. ഏന്തെങ്കിലും അന്വേഷണം ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പിന്റെ തലേദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചത് ആസൂത്രിതമായിട്ടായിരുന്നു. രണ്ട് മൂന്ന് സംഭവങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാന്‍ പുറപ്പെട്ടെങ്കിലും അതെല്ലാം പാളിപ്പോയതായാണ് താന്‍ മനസ്സിലാക്കുന്നത്. ഇത് ഇടതുപക്ഷവിരുദ്ധരായിട്ടുള്ള ചില മാധ്യമങ്ങളുടെ പ്രധാനികളും രാഷ്ട്രീയക്കാരായിട്ടുള്ള സുധാകരനും ശോഭാ സുരേന്ദ്രനുമൊക്കെ അറിഞ്ഞുകൊണ്ട് നടത്തിയ പരിപാടിയുടെ ഭാഗമാണെന്നും ഇ.പി കൂട്ടിച്ചേർത്തു.