ന്യൂഡല്‍ഹി: മെട്രോ, റെയിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടോ എന്ന നിയമപ്രശ്നം തുറന്നിട്ട് സുപ്രീംകോടതി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം സൂചിപ്പിച്ചത്.
ഡൽഹിയിലെയും നോയിഡയിലെയും മെട്രോ റെയിൽ പദ്ധതികൾക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) നിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. പദ്ധതി പൂർത്തിയായെന്നും പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിച്ചുവെന്നും കണക്കിലെടുത്താണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. മെട്രോ, റെയിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടോ എന്ന പ്രശ്നം തുറന്നിടുകയാണെന്നും പ്രശ്നം പരിശോധിക്കുമ്പോൾ ഭാവിയിൽ ഈ ഉത്തരവ് ബാധകമാകില്ലെന്നും ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.