കൊച്ചി: കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്ന കൊച്ചി കോർപ്പറേഷന്റെ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോർപ്പറേഷനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കോടതിയുടെ സ്റ്റേ നിലനിൽക്കെ നൽകിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിച്ചു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നപ്പോൾ ഐ.എസ്.എൽ ഉൾപ്പെടെയുള്ള ഫുട്ബോൾ മത്സരങ്ങൾ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നോട്ടീസ് പിൻവലിക്കണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു.
അതേസമയം നോട്ടീസ് നൽകിയ നിലപാടിൽ കോർപ്പറേഷൻ ഉറച്ചുനിൽക്കുകയാണ്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. ഈ സീസണിൽ കൊച്ചിയിൽ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ആദ്യ മത്സരം ജയിച്ചു, രണ്ടാമത്തേതിൽ തോറ്റു. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലാണ് രണ്ട് മത്സരങ്ങളും കളിച്ചത്.
നേരത്തെ, ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ബസിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ബസിൽ അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തി. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.