കൊച്ചി: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചതിന് ശേഷമായിരുന്നു ഇത്.
വിമാനത്തിനുള്ളിലെ ചൂടിൽ യാത്രക്കാർ കുടുങ്ങി. കുഞ്ഞുങ്ങളുമായി എത്തിയ യാത്രക്കാർ കുഞ്ഞുങ്ങൾ കരഞ്ഞതോടെ കരച്ചിലടക്കാൻ പാടുപെട്ടു.
ഇന്ന് രാവിലെ 9.50ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 12 മണി കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. എയർ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടർന്നു. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു.