കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആര് സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പിഎംഎല്‍എ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക.
അതിനിടെ, കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. 2018 ഡിസംബർ 8 ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കൂടി അംഗമായ ബ്രാഞ്ചിൽ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്.
