ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. കശ്മീരിലെ ബരാമുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ക്രേരി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ്- പൊലീസ് സംയുക്ത സേനയ്ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. പട്രോളിംഗ് സംഘത്തിന് നേരെ അജ്ഞാത ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണെന്നും പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ സോപ്പൂര്‍ മേഖലയിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.