ശ്രീനഗർ: രാജ്യം റിപ്പബ്ളിക് ദിനം ആചരിക്കാനിരിക്കെ ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഭീകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയാണ് സുരക്ഷാസേനയും ഭീകരരുമായി വെടിവയ്പ്പുണ്ടായത്. ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കി.കത്വയിലെ ഭട്ടോഡ് മേഖലയിൽ ഭീകരർ ഉണ്ടെന്ന സംശയത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ 1.20ഓടെ ഭട്ടോഡ് പഞ്ചായത്തിലെ ആർമി ക്യാമ്പിലെ സൈനികർ സംശയാസ്പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.ഭീകരർ തിരിച്ചും വെടിവച്ചതോടെ അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ഭീകരർ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇരുവശത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.