പത്തനംതിട്ട: മദ്യലഹരിയിൽ ജീവനക്കാർ തമ്മിൽ തല്ലിയതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത്.
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചുമണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ്, മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തർക്കവും തമ്മില്‍ തല്ലുമുണ്ടായി.
ക്ലീനർ കണ്ണൂർ സ്വദേശിയാണ്. രണ്ട് ഡ്രൈവർമാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയിൽപ്പെട്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.