
കൊല്ലം: ജനസേവാ കേന്ദ്രത്തിനുള്ളിൽ ജീവനക്കാരി മരിച്ചനിലയിൽ. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഭരണിക്കാവ് പഞ്ചായത്ത് സേവ കേന്ദ്രത്തിലെ ജീവനക്കാരിയായ രമ്യയെ സ്ഥാപനത്തിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്
വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(38)യെയാണ് പഞ്ചായത്ത് വളപ്പിലെ ജനസേവാ കേന്ദ്രത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏറെനേരം കഴിഞ്ഞിട്ടും രമ്യ വീട്ടിൽ വരാത്തതിനാൽ ഭർത്താവ് വള്ളികുന്നം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ പഞ്ചായത്ത് ഓഫീസ് പരിസരത്തുതന്നെ ഫോണുണ്ടെന്ന് കണ്ടെത്തി. തുടർന്ന് രാത്രി 11 മണിയോടെ ജനസേവാ കേന്ദ്രം തുറന്ന് പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ രമ്യയെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായും കുടുംബപ്രശ്നങ്ങളും കടബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ചതിന് ശേഷം പോസ്റ്റ്മോർട്ടം നടത്തും.
