
മനാമ: ബഹ്റൈനില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ (ആര്.എം.എസ്) എമര്‍ജന്‍സി മെഡിസിന് കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു.
സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ബഹ്റൈന്‍ പ്രതിരോധ സേന ആശുപത്രിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജാവ് നിയോഗിച്ചതനുസരിച്ച് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന് അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു.
ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.
എമര്‍ജന്‍സി മെഡിസിന് കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ എംആര്‍ഐ കെട്ടിടം എന്നിവ നുഐമി സന്ദര്‍ശിച്ചു.
ഈ സുപ്രധാന മെഡിക്കല്‍ പദ്ധതികള്‍, പ്രത്യേകിച്ച് ഓപ്പണ്‍ എം.ആര്.ഐ. ഉപകരണം രോഗനിര്‍ണയ സേവനങ്ങളിലെ ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.


