തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകണമെന്ന ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജിന്റെ നിര്‍ദേശപ്രകാരം ആദ്യപടിയായി മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടിയായി. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് ആശുപത്രി അധികൃതര്‍ അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നത്. അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികള്‍ കൂടുതലും അഡ്മിറ്റ് ചെയ്യപ്പെടേണ്ടതരത്തില് ഗുരുതരാവസ്ഥയിലെത്തുന്നവരാണ്. അവര്‍ക്ക് രക്തപരിശോധനകളും സ്കാനിംഗും ഉള്‍പ്പെടെ വിവിധ രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരും. തിരക്കുള്ള സമയങ്ങള്‍ രോഗികളെ ഈ പരിശോധനകള്‍ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറുകള്‍ക്കും ട്രോളികള്‍ക്കും ക്ഷാമമുണ്ടാകാറുമുണ്ട്. അതിനു പരിഹാരമെന്നോണം അത്യാഹിതവിഭാഗത്തിലെ വീല്‍ചെയറുകള്‍ക്കും ട്രോളികള്ക്കുമായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കുവാനാണ് ഒരു തീരുമാനം.
വാര്‍ഡുകളിലും ഐസിയുകളിലുമൊക്കെ കൊണ്ടുപോകുന്ന ട്രോളികളുടെ കണക്കുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി യഥാസമയം തിരികെയെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനുമാത്രമായി ഒരു ജീവനക്കാരനെ നിയോഗിക്കും. രോഗികളെ വാര്ഡിലെത്തിക്കുന്നതിനും പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനുമായി എട്ടുപുരുഷന്മാരും രണ്ട് സ്ത്രീകളുമുള്‍പ്പെടെ 10 ജീവനക്കാരെ പേഷ്യന്റ് ഹെല്‍പ്പേഴ്സ് എന്ന നിലയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതലായി നിയോഗിച്ചു. 10 ട്രോളികളും 10 വീല്‍ചെയറുകളും കൂടി അത്യാഹിതവിഭാഗത്തിലേയ്ക്ക് മാത്രമായി വാങ്ങാനുള്ള നിര്‍ദേശവും നല്‍കിയതായി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.
ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാതോമസും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. അതിന്റെ ഭാഗമെന്നോണമാണ് ആദ്യം അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചത്.
