
തൃശൂര്‍: കൊടകര വെള്ളിക്കുളങ്ങരയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍. പോത്തന്‍ചിറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യപറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ ആകാം ആന സ്ലാബില്‍ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. കുറെ നാളായി ഉപയോഗിക്കാത്ത പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ആണ് ആന വീണത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബില്‍ മുന്‍കാലുകള്‍ വച്ചപ്പോള്‍ സ്ലാബ് തകര്‍ന്ന് ആന മുന്നോട്ടാഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ആനയ്ക്ക് വീണ്ടും എഴുന്നേല്ക്കാന് കഴിയാതെ വന്നു. അങ്ങനെ മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ക്രെയിന്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്താനാണ് ശ്രമം. അതിനായുള്ള നടപടികള്‍ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു. വെള്ളിക്കുളങ്ങര റെയ്ഞ്ച് ഓഫീസിന് കീഴിലാണ് അപകടം ഉണ്ടായത്.
