പാലക്കാട്: ചന്ദനാംപറമ്പിലെ അയ്യപ്പൻ വിളക്കിന്റെ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇലവുംപാടം സ്വദേശി വൈശാഖ് (25), എരിക്കിൻചിറ സ്വദേശി ജിത്തു (22) വണ്ടാഴി സ്വദേശിനി തങ്കമണി(67) ആനപ്പാപ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്. തങ്കമണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നെൻമാറയിലെ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ എഴുന്നള്ളത്ത് മോസ്കോമുക്കിന് സമീപം എത്തിയപ്പോഴാണ് ചിറയ്ക്കൽ ശബരീനാഥൻ എന്ന ആന ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്ത് ഇരുന്നവരെ താഴേയ്ക്കിട്ടു. ഇതിനിടയിൽ നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയും വിരണ്ടു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി.
ഓടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും ആന തകർത്തു. ഒരു മണിക്കൂറിന് ശേഷം, പാപ്പാന്മാരുടെ നേതൃത്വത്തിൽ രണ്ട് ആനകളെയും തളച്ചു.