തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂർണമായും തടസ്സപ്പെട്ടത് 39 സെക്കന്റ് നേരത്തേക്ക് മാത്രം. ചെറിയ ജീവികൾ മൂലമുണ്ടായ വൈദ്യുതി കേബിളിലെ തകരാർ സെക്കന്റുകൾക്കുള്ളിൽ പരിഹരിച്ചു. വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് ഇൻസുലേറ്റഡ് ഹൈ ടെൻഷൻ, ലോ ടെൻഷൻ ലൈനുകൾ സ്ഥാപിച്ചു. ഇതോടെ വന്യജീവികൾക്ക് വൈദ്യുതാഘാതമേൽക്കുന്നത് തടയുകയും വൈദ്യുതി തടസ്സം കുറയ്ക്കുകയും ചെയ്തു. കൂടാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തി യഥാസമയം പ്രശ്നങ്ങൾ പരിഹരിക്കുന്നുമുണ്ട്.
മണ്ഡലപൂജയ്ക്ക് ശേഷം നട അടച്ചതോടെ ബാക്കിയുള്ള ജോലികൾ ചെയ്യുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. കേബിൾ കടന്നുപോകുന്ന വഴിയുടെ പരിശോധന, കേടായ ഫ്യൂസും ബൾബും മാറ്റിസ്ഥാപിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഡിസംബർ 30നകം ഇത് പൂർത്തിയാകും.
ഇന്ന് വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരർ രാജീവർ ശ്രാകോവിൽ തുറന്ന് ദീപം തെളിക്കും. 32,281 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. 80,000 പേരാണ് നാളത്തേയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക്. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 35 ലക്ഷത്തോളം തീർത്ഥാടകരാണ് ക്ഷേത്രദർശനം നടത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.