
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടര്‍ പട്ടികയിൽ പുതിയ വാര്‍ഡുകൾക്ക് പുറത്തുള്ളവരും ഉള്‍പ്പെട്ടതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ. ഇത്തരത്തിൽ ഉൾപ്പെട്ട വോട്ടര്‍മാരുടെ പട്ടിക നോട്ടീസ് ബോര്‍ഡിൽ പ്രസിദ്ധീകരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള കമ്മീഷൻ നിര്‍ദ്ദേശം. ആക്ഷേപമുണ്ടെങ്കിൽ അത് കേട്ട ശേഷം വോട്ടര്‍മാരെ സ്വന്തം വാര്‍ഡിലേയ്ക്ക് മാറ്റണമെന്നും കമ്മീഷൻ, സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പോളിങ് സ്റ്റേഷനുകള്‍ മാറ്റരുത്. പോളിങ് സ്റ്റേഷൻ മാറിയിട്ടുണ്ടെങ്കിൽ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർ പട്ടിക സംബന്ധിച്ച് മൂന്നുദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ. അതിൽ 1,05,948 എണ്ണം പേര് ചേർക്കാനും മറ്റുള്ളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവക്കുമാണ്. പേര് ചേർക്കാനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ മാറാനും പേര് ഒഴിവാക്കാനുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ നൽകാം.
കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് (ഇ.ആർ.ഒ) ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകണം.
