എറണാകുളം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന മനുഷ്യബലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മയെയും റോസിലിയെയും ഭഗവൽ സിംഗും ഷാഫി എന്ന റഷീദും ലൈലയും ചേർന്ന് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. റോസ്ലി ആയിരുന്നു അവരുടെ ആദ്യത്തെ ഇര. അശ്ലീല സിനിമകളിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. തിരുവല്ലയിൽ എത്തിയ റോസ്ലിയെ സിനിമ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. തുടർന്ന് ലൈല കത്തി ഉപയോഗിച്ച് റോസ്ലിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അതുപോലെ, കത്തി ഉപയോഗിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീടുമുഴുവൻ തളിച്ചാണ് പൂജകൾ നടത്തിയത്. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ കുഴിച്ചുമൂടി.
രണ്ടാമത് എത്തിയ പത്മയും സമാനമായ ക്രൂരതകൾ നേരിട്ടു. ശാപം മൂലം ആദ്യ പൂജ പരാജയപ്പെട്ടുവെന്നും ഒരിക്കൽ കൂടി മനുഷ്യബലി നടത്തണമെന്നും വിശ്വസിപ്പിച്ചാണ് റഷീദ് പത്മയെയും എത്തിച്ചത്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലിൽ നിന്നാണ് ഷാഫി എന്ന റഷീദ് ശ്രീദേവി എന്ന വ്യാജ പേരിൽ ഭഗവൽ സിംഗുമായി ചങ്ങാത്തത്തിലായത്.
പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും എല്ലാ രീതിയിലും അയാൾ സംതൃപ്തനായാൽ സമൃദ്ധിയും സമ്പത്തും വരുമെന്നും ഭഗവൽ സിംഗിനോട് പറഞ്ഞു. സിദ്ധനുമായി ബന്ധപ്പെടാൻ മൊബൈൽ നമ്പറും നൽകി. ആഭിചാരക്രിയയുടെ ഭാഗമെന്ന് പറഞ്ഞ് ആദ്യം ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെ ഇയാൾ പീഡിപ്പിച്ചു. സമൃദ്ധി വരുമെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട്, നരബലി നടത്തിയാൽ പൂജ പൂർത്തിയാകുമെന്ന് വിശ്വസിപ്പിച്ചു. വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ക്രൂരമായ മനുഷ്യബലിയുടെ ചുരുളുകൾ അഴിയുമ്പോൾ ഞെട്ടിയിരിക്കുകയാണ്.