മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നിർദ്ദേശിച്ച പേരുകൾ പിൻവലിക്കണമെന്ന് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഏക്നാഥ് ഷിൻഡെ ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.
ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നിർദ്ദേശിച്ച 12 പേരുകൾ പിൻവലിക്കണമെന്നാണ് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടത്. പുതിയ പേരുകളുടെ പട്ടിക ഷിൻഡെ ഉടൻ ഗവർണർക്ക് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2020 നവംബറിൽ ഉദ്ധവ് താക്കറെ സർക്കാർ 12 പേരുകൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗവർണർ കോഷിയാരി നാമനിർദേശങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല.
യഥാർത്ഥ ശിവസേന ആരാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഏക്നാഥ് ഷിൻഡെയുടെ പുതിയ നീക്കം. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ച് താക്കറെ ക്യാമ്പുമായി ഏക്നാഥ് ഷിൻഡെ ക്യാമ്പ് തർക്കത്തിലാണ്. കഴിഞ്ഞ മാസം സുപ്രീം കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.