ഡാളസ് :ഏകലോകം സൗഹൃദവേദി ഓഫ് നോർത്ത് ടെക്സാസ് (ESNT)/മലയാളം മിഷൻ (കേരള സർക്കാർ) ഓൺലൈൻ മലയാളം കോഴ്സുകൾ ആരംഭിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് 2005 -ഇൽ രൂപീകരിച്ച പാഠ്യ പദ്ധതിയാണ് മലയാളം മിഷന്.
മാതൃഭാഷയും ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്താനും അത് ഇളം തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനും സദാ ശ്രദ്ധാലുക്കളായുള്ള പ്രവാസിമലയാളി കുടുംബങ്ങൾക്കു വേണ്ടി ഈ സുവർണ്ണാവസരം ഏകലോകം സൗഹൃദവേദിയും (ESNT) മലയാളം മിഷനും ഒത്തു ചേർന്ന് ഈ അധ്യയന വർഷം മുതൽ ലഭ്യമാക്കുകയാണ്.
ഈ വർഷം ആഗസ്ത് മാസം മുതൽ ഓൺലൈനിൽ ആരംഭിക്കുന്ന മലയാളം കോഴ്സുകളിലേക്കുള്ള പ്രവേശനം ഉടൻ തന്നെ തുടങ്ങുന്നതായിരിക്കും. ഇതിൽ കുട്ടികളെ രജിസ്റ്റർ ചെയ്യിക്കാൻ താല്പര്യമുള്ള രക്ഷിതാക്കളും, ഈ സംരംഭത്തിന്റെ ഭാഗമായി അദ്ധ്യാപകരായും ക്ലാസ് കോർഡിനേറ്റേഴ്സായും പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരും ശ്രീ. വിനോദ് പൊറ്റെക്കാട്ടുമായി (ഫോൺ # 972 697 7644) ആഗസ്ത് 12 നു മുൻപ് ബന്ധപ്പെടുക.
പഠിതാക്കളുടെ മലയാള ഭാഷയിൽ ഉള്ള പ്രാവീണ്യത്തെ അടിസ്ഥാനമാക്കി കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ്) എന്നീ കോഴ്സുകള്‍ അടങ്ങുന്ന പാഠ്യപദ്ധതിയാണ് മലയാളം മിഷൻ വഴി ലഭ്യമാക്കുന്നത്.
എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തി വിവിധ കോഴ്സുകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുപരി പഠനകേന്ദ്രങ്ങൾ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് പദ്ധതികളും മലയാളം മിഷന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പഠനകേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയവ ഇവയില്‍ ചിലതാണ്.