ശിവമോഗ: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലേക്ക് കൊണ്ടു വന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ശിവമോഗ ഹുനസോഡുവിലെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്. സ്റ്റിക്കുകള്‍ കയറ്റിയ ലോറിയാണ് ക്വാറിയില്‍ വെച്ച് പൊട്ടിത്തെറിച്ചത്. മരിച്ചവര്‍ കൂടുതലും ക്വാറി തൊഴിലാളികളാണ്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ദുരിതബാധിതർക്ക് കർണാടക സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി പോലീസ് അറിയിച്ചു.
സ്ഫോടന വാർത്ത ദുഃഖകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭാവിയിൽ സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത്തരം സംഭവങ്ങളിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.