
മനാമ: ബഹ്റൈനിലെ ഈദുല്‍ ഫിത്തര്‍ നമസ്കാര ഇടങ്ങളിലെ ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധകരെ സ്വാഗതം ചെയ്യാനായി മൈതാനങ്ങള്‍ തുറന്നിരിക്കുമെന്ന് അല്‍ ഹജേരി പറഞ്ഞു. ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം നല്‍കാനും ഈ സുന്നത്ത് സംരക്ഷിക്കാനും പള്ളികളും തുറസ്സായ പ്രാര്‍ത്ഥനാ സ്ഥലങ്ങളും സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് ഈ ഒരുക്കങ്ങള്‍.
ഈദുഅല് ഫിത്തര്‍ പ്രാര്‍ത്ഥനാ മൈതാനങ്ങളുടെ ഒരുക്കങ്ങള്‍ ഉറപ്പാക്കുകയും ആരാധകര്‍ക്ക് അനായാസമായും ആത്മീയ അന്തരീക്ഷത്തിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയുമാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനവേളയില്‍ പരവതാനികള്‍, ഓഡിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍, വൈദ്യുത സുരക്ഷ, സുഗമമായ വന്നുപോകല്‍ ഉറപ്പാക്കാനും തിരക്ക് ഒഴിവാക്കാനുമുള്ള പ്രവേശന- ബഹിര്‍ഗമന സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു.
വിവിധ ഗവര്‍ണറേറ്റുകളിലായി 52,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 18 പ്രധാന തുറസ്സായ സ്ഥലങ്ങളിലായി ഏകദേശം 85,000 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 18,000 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 14 പ്രാര്‍ത്ഥനാ മൈതാനങ്ങള്‍ മുസ്ലിം സമൂഹങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഈദ് പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
