
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.
തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
