നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ നാഥന് എന്നീ സിനിമകള്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 18ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍. സംഘടനാ നേതാക്കളും ഭാരവാഹികളും പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു.
ഈശോ, കേശു ഈ വീടിൻ്റെ ഐശ്വര്യം എന്നീ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണ്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് ധർണ.
സിനിമയുടെ പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റിയതായും നാദിര്‍ഷ അറിയിച്ചിരുന്നു. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടല്ല രണ്ട് സിനിമയുടെയും പേരുകളും ഉള്ളടക്കവും. സിനിമ കാണാതെ പേരുകളെച്ചൊല്ലി വിഭാഗീയ സൃഷ്ടിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്കയും രംഗത്ത് വന്നിരുന്നു. ഇതേ പേരുകളുമായി മുന്നോട്ട് പോകാനുള്ള നാദിര്‍ഷയുടെ തീരുമാനത്തെ പിന്തുണക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്. കത്തോലിക്ക കോണ്‍ഗ്രസിന് പുറമേ ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഈശോ എന്ന പേരിനെതിരെ രംഗത്ത് വന്നിരുന്നു.