
മനാമ: ബഹ്റൈനിലെ ഗലാലിയിൽ വിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കാർ ഗേൾസ് സ്കൂളിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തി.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ, ബഹ്റൈനിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് താമർ ജാബർ അൽ അഹമ്മദ് അൽ സബാഹ്, മുഹറഖ് ഗവർണറേറ്റിലെ അഞ്ചാം മണ്ഡലത്തിലെ പാർലമെന്റ് അംഗം ഖാലിദ് സാലിഹ് ബു അനഖ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് സാലിഹ് ജാസിം ബുഹാസ, വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അറബ് സാമ്പത്തിക വികസനത്തിനുള്ള കുവൈത്ത് ഫണ്ടിൻ്റെയും പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ജുമ പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ആധുനിക വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കൂൾ നിർമ്മിക്കുന്നത്. 14,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സമുച്ചയത്തിൽ രണ്ട് അക്കാദമിക് കെട്ടിടങ്ങൾ, ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, 1,540 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന 44 ക്ലാസ് മുറികൾ എന്നിവ ഉൾപ്പെടും. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി രണ്ട് ക്ലാസ് മുറികൾ, രണ്ട് സയൻസ് ലാബുകൾ, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് ആർട്ട് വർക്ക് ഷോപ്പുകൾ, രണ്ട് ഡിസൈൻ ആൻ്റ് ടെക്നോളജി വർക്ക് ഷോപ്പുകൾ, ഒരു വലിയ സ്പോർട്സ് ഹാൾ, ഒരു നോളജ് റിസോഴ്സ് സെന്റർ, ഒരു മ്യൂസിക് റൂം, സ്റ്റാഫ് ഓഫീസുകൾ, 66 പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയും ഇതിലുൾപ്പെടും.

ബഹ്റൈനിലുടനീളം 18 പുതിയ സ്കൂളുകൾ നിർമ്മിക്കുക, നിലവിലുള്ള സ്കൂളുകളിലേക്ക് 23 അക്കാദമിക് കെട്ടിടങ്ങൾ ചേർക്കുക, ചരിത്രപ്രസിദ്ധമായ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുക, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും പഠന അന്തരീക്ഷം മെച്ചപ്പെടുത്താനുമായി സുസ്ഥിരമായ ഒരു പരിപാലന പരിപാടി നടപ്പിലാക്കുക എന്നീ വിശാലമായ പദ്ധതിയുടെ ഭാഗമായാണിത്.
