തിരുവനന്തപുരം: തിരുവനന്തപുരം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ കേരള വിദ്യാഭ്യാസ മാതൃകയെ പ്രകീർത്തിച്ച് രാജസ്ഥാൻ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാർ. വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തിന് മഹത്തായ പാരമ്പര്യം ഉണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസർക്കർ പറഞ്ഞു. മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിരവധി പേർ മലയാളികൾ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ മാതൃകയെ മഹാരാഷ്ട്ര ഉറ്റു നോക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പ് വരുത്താൻ കേരളത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ വർധിക്കുന്നത് മികച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ വിദ്യാഭ്യാസ നയം മഹാരാഷ്ട്ര വിദ്യാഭ്യാസ മേഖലയ്ക്ക് ചില മാതൃകകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കൂടുതൽ ഊന്നൽ നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ബുലാകി ദാസ് കൽകയും കേരള വിദ്യാഭ്യാസ മേഖലയെ പ്രശംസിച്ചു. വിദ്യാഭ്യാസ കാര്യത്തിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കാൻ രാജസ്ഥാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് രാജസ്ഥാൻ നൽകുന്ന ഊന്നൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് രാജസ്ഥാൻ നൽകുന്ന പ്രധാന്യവും അദ്ദേഹം വിശദീകരിച്ചു.
രാജ്യസഭാംഗം എ.എ.റഹീം അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിൽ എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ്.ആർ.കെ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ്കുമാർ, മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ കമ്മീഷണർ സൂരജ് മാൻഡ്രേ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ. ഐ.എ.എസ്, ഡോ. എം.ആർ.സുദർശനകുമാർ എന്നിവർ പ്രസംഗിച്ചു.
കേരള വിദ്യാഭ്യാസം-ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മൂന്ന് സമാന്തര സെഷനുകളിലായി അൻപതിലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഏപ്രിൽ 3 ന് സമാപിക്കുന്ന വിദ്യാഭ്യാസ കോൺഗ്രസിൽ ഫിൻലാന്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.