മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി രാജ്യത്തെ നിരവധി സ്കൂളുകൾ സന്ദർശിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകളിൽ ഭാഗീകമായി വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ പഠനത്തോടൊപ്പം വിദ്യാർഥികളെ ആഴ്ചയിൽ രണ്ടു ദിവസം സ്കൂളുകളിൽ എത്തിയുള്ള പഠനം അനുവദിക്കുന്നതാണ് പദ്ധതി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സ്കൂളിൽ ഹാജരാകാത്ത കുട്ടികൾക്കും, ഹാജരാകുന്ന കുട്ടികൾക്ക് ബാക്കിയുള്ള ദിവസങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പാലിച്ചാണ് കുട്ടികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും പ്രവേശിക്കുന്നതിനുമുമ്പ് അവരുടെ താപനില പരിശോധിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ഓരോ സ്കൂളിലും ഒരു മെഡിക്കൽ ടീമിനെ രൂപീകരിച്ചിട്ടുണ്ട്.
വിദ്യാർഥികൾ സ്കൂളുകളിലെത്തിയതിലുള്ള സന്തോഷം വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി വ്യക്തമാക്കി. രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തിയതിനുശേഷമാണ് ഓൺലൈൻ പഠനം പൂർണമായും ഓഫ്ലൈൻ ക്ലാസുകൾ ഭാഗികമായും ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.