കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരേ മനസ്സോടെ മേള വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. മത്സരാർത്ഥികൾ ആദ്യ കോളിൽ തന്നെ വേദിയിൽ ഉണ്ടായിരിക്കണമെന്നും അല്ലാത്തവരെ അയോഗ്യരാക്കാനും സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത നിലനിർത്താനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിൻ്റെ ആരോപണത്തെ തുടർന്നാണ് വിവാദം രൂക്ഷമായത്.