
മനാമ: ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് ആന്റ് സയന്‍സ് സ്റ്റഡിയിലെ (ടി.ഐ.എം.എസ്.എസ്- ടിംസ്) പരീക്ഷയില്‍ ബഹ്റൈനില്‍ 2023 ബാച്ചില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 27 പൊതു, സ്വകാര്യ സ്കൂളുകളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ആദരിച്ചു. രണ്ട് വിഷയങ്ങളിലും 550 പോയിന്റില്‍ കൂടുതല്‍ സ്കോറുകള്‍ നേടി ഉയര്‍ന്നതും ഉന്നതവുമായ പ്രകടനം കാഴ്ചവെച്ച സ്കൂളുകളെയാണ് ആദരിച്ചത്.
മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍, നാലാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സ്കോറുകള്‍ നേടുന്നതിന് സംഭാവന നല്കിയ 86 അധ്യാപകരെ ആദരിച്ചു. പഠനം ശരിയായി നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും സമ്മാനം നല്കി.
ഈ സുപ്രധാന അന്താരാഷ്ട്ര പഠനത്തില്‍ ബഹ്റൈന്റെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതില്‍ ഫലപ്രദമായ പങ്കു വഹിച്ച പൊതു, സ്വകാര്യ സ്കൂളുകള്‍, അധ്യാപക, ഭരണ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെയും മന്ത്രാലയത്തിലെ പ്രസക്തമായ മേഖലകളെയും മന്ത്രി നന്ദി അറിയിച്ചു.
