കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങൾ തടയാനാണു ഇഡിയുടെ ശ്രമമെന്ന് എംഎൽഎമാർ ആരോപിച്ചു. കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎൽഎമാർ ഹർജിയിൽ പറയുന്നു.
മസാല ബോണ്ടിന്റെ പേരിൽ കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ടുകൾ. ഇത് നിയമപരമാണ്. നിസ്സാര കാരണങ്ങളാൽ ബൃഹത്തായ പദ്ധതികൾ പൊളിക്കരുതെന്ന് സുപ്രീം കോടതി അടുത്തിടെയാണ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നാണ് പൊതുതാൽപര്യ ഹർജികൾ ആരോപിക്കുന്നത്. ഹർജികൾ വ്യാഴാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. ഇതിനിടെ ഇ.ഡി അയച്ച സമൻസ് പിന്‍വലിക്കാനും തുടർനടപടികൾ നിർത്തിവയ്ക്കാനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.