
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയിൽ കേസെടുക്കാനുള്ള നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസെടുക്കുന്നതിന് മുന്നോടിയായി നിലവിലുള്ള എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കള്ളപ്പണ ഇടപാട് നടന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നത്. എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഇഡി നൽകിയ അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഇഡി ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇതിനിടെ, ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് വിലക്ക്. ജയശ്രീയെ അറസ്റ്റുചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊളളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം. ഇതിനുപുറമെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിൽസയിലുമാണ് താനെന്നും ജയശ്രീ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. ഹര്‍ജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച് അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


