മനാമ: ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സഹോദരീ സഭകളിലെ യുവജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും എക്യുമെനിക്കൽ യുവജന സംഗമം നടത്തപ്പെട്ടു. ബഹ്റിൻ മാർത്തോമ്മാ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു കെ. മുതലാളിയുടെ അദ്ധ്യക്ഷതയിലും , യുവജനസഖ്യം വൈസ് പ്രസിഡന്റും കെ.സി.ഇ.സി. പ്രസിഡന്റുമായ റവ.വി.പി. ജോൺ, സഹോദരീസഭകളിലെ വൈദീകർ എന്നിവരുടെ സാന്നിദ്ധ്യത്തിലും സൂം പ്ലാറ്റ്ഫോമിലൂടെയാണ് പ്രസ്തുത കൂടിച്ചേരൽ സംഘടിപ്പിച്ചത്.
സമ്മേളനത്തിൽ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (CCA) ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ്ജ് ചുനക്കര “ഉയർന്നു വരുന്ന ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും : എക്യുമെനിക്കൽ പ്രതികരണങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സന്നിഹിതരായ ഏവർക്കും സഖ്യം സെക്രട്ടറി കെവിൻ ജേക്കബ് വർഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്റിൻ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവക വികാരി റവ.ഫാ. റോജൻ പേരകത്ത് പ്രാരംഭ പ്രാർത്ഥനയും , ബഹ്റിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ.ഫാ. ബിജു മോൻ ഫിലിപ്പോസ് , സി.എസ്.ഐ സൗത്ത് കേരള ബഹ്റിൻ ഇടവക വികാരി റവ.സുജിത് സുഗതൻ എന്നിവർ ആശംസകളും അർപ്പിച്ചു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെയും യുവജന സഖ്യത്തിന്റെയും ഭാരവാഹികൾ ,സഖ്യം കമ്മറ്റി മെമ്പേഴ്സ്, ഐ.ടി. ടീം, പ്രോഗ്രാം അവതാരക മഹിമ , സഹോദരി സഭകളിലെ വൈദീകർ, യുവജനങ്ങൾ, ഭാരവാഹികൾ, സാന്നിദ്ധ്യം കൊണ്ട് എക്യുമെനിക്കൽ യുവജന സംഗമം വൻ വിജയമാക്കി തീർത്ത എല്ലാ സഭാംഗങ്ങളോടും ഉള്ള കൃതജ്ഞത ബഹ്റിൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നാമത്തിൽ കൺവീനർ ജോബി ജോൺസൺ അറിയിച്ചു. ബഹ്റിൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക വികാരി റവ.ഫാ. നോബിൻ തോമസ് സമാപന പ്രാർത്ഥനയും , ബഹ്റിൻ സെന്റ് പോൾസ് ഇടവക വികാരി റവ. സാം ജോർജ്ജ് ആശിർവാദവും നിർവഹിച്ചു.