അബുദാബി: ജിസിസി രാജ്യങ്ങളിൽ വൻ വളർച്ച പ്രവചിച്ച് റോയിട്ടേഴ്സ് സാമ്പത്തിക സർവ്വേ ഫലം. മൂന്ന് മാസം മുമ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ചയാണ് ഈ വർഷം ജിസിസി രാജ്യങ്ങളിലുണ്ടാവുക എന്നാണ് പ്രവചനം. പ്രമുഖരായ 25 ഓളം സാമ്പത്തിക വിദഗ്ധരാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് വേണ്ടി സർവ്വേ നടത്തിയത്.
5.7 ശതമാനം വളർച്ചയുമായി സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ. കുവൈത്തും യുഎഇയും യഥാക്രമം 5.3, 4.8 ശതമാനം വളർച്ച നേടും. ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മൂന്ന് മുതൽ നാലു ശതമാനം വരെ വളർച്ച നേടുമെന്നാണ് പ്രവചനം. ഇത് യാഥാർത്ഥ്യമായാൽ ജിസിസി രാജ്യങ്ങൾ സമീപ വർഷങ്ങളിൽ നേടിയ ഏറ്റവും മികച്ച വളർച്ചാ നിരക്കായിരിക്കും ഇത്.
പണപ്പെരുപ്പം രണ്ടു മുതൽ 2.8 ശതമാനം വരെയായേക്കും. 2015 ന് ശേഷമുള്ള ഏറ്റവും മികച്ച വളർച്ചാ നിരക്കാണ് യുഎഇക്ക് സർവേയിൽ പ്രവചിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത പത്തിൽ 9 പേരും കൊറോണ വൈറസിനെ തുടർന്ന് വിപണിയിലുണ്ടാകുന്ന അപ്രതീക്ഷിത എണ്ണവില തകർച്ചയാണ് പ്രധാന ഭീഷണിയായി കാണുന്നത്. എണ്ണ വിപണി ഈ വർഷം കൂടുതൽ കരുത്താർജ്ജിക്കാനാണ് സാധ്യതതെയെന്നും സർവ്വേ വിലയിരുത്തുന്നു.
