
മനാമ: ബഹ്റൈനില്‍ ഔദ്യോഗിക ലൈസന്‍സില്ലാതെ സാമ്പത്തിക, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നതിന് ശിക്ഷ കര്‍ശനമാക്കിക്കൊണ്ടുള്ള കരട് നിയമഭേദഗതി സര്‍ക്കാര്‍ നിയമനിര്‍മ്മാണ അതോറിറ്റിക്ക് കൈമാറി.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ (സി.ബി.ബി) ലൈസന്‍സില്ലാതെ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതുവരെ പിഴ മാത്രമായിരുന്ന ശിക്ഷ.
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വാക്കോ തത്തുല്യമായ എന്തെങ്കിലും പദമോ ബാങ്കിംഗ് പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന വാക്യങ്ങളോ വ്യാപാര നാമങ്ങള്‍, വിവരണങ്ങള്‍, വിലാസങ്ങള്‍, ഇന്‍വോയ്സുകള്‍, കത്തിടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനെ കരട് നിയമം വിലക്കുന്നു. അതുപോലെ ലൈസന്‍സില്ലാതെ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അത്തരം സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിക്കുന്ന പദങ്ങളോ വാക്യങ്ങളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും.
ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദിഷ്ട നിയമം സി.ബി.ബിക്ക് അനുമതി നല്കുന്നു.
