
മനാമ: ‘eGovBahrain’, ‘eKey’ തുടങ്ങിയ ഔദ്യോഗിക പദങ്ങളുപയോഗിച്ച് ബഹ്റൈനിലെ പൗരര്‍ക്കും താമസക്കാര്‍ക്കും ലഭിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമായ തട്ടിപ്പ് ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്മെന്റ് അതോറിറ്റിയുടെ (ഐ.ജി.എ) മുന്നറിയിപ്പ്.
ഈ സന്ദേശങ്ങള്‍ അതോറിറ്റിയോ അതിന്റെ ഔദ്യോഗിക അക്കൗണ്ടുകളോ അയയ്ക്കുന്നതല്ല. പൊതുജനങ്ങള്‍ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ലിങ്കുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ദേശീയ പോര്‍ട്ടലായ bahrain.bh ഹാക്ക് ചെയ്യപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ഐ.ജി.എ. നിഷേധിച്ചു. ഈ പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്.
‘eGovBahrain’ അല്ലെങ്കില്‍ ‘eKey’ എന്നീ പേരുകളില്‍ അയയ്ക്കുന്ന എല്ലാ ഔദ്യോഗിക സന്ദേശങ്ങളും ഇ-സര്‍വീസ് പ്രോത്സാഹിപ്പിക്കുക, സേവന പൂര്‍ത്തീകരണം സ്ഥിരീകരിക്കുക, eKey ഉപയോഗിച്ച് ലോഗിനുകള്‍ പ്രാമാണീകരിക്കുക തുടങ്ങിയ ഇ-ഗവണ്മെന്റ് സേവനങ്ങളുമായും ഇടപാടുകളുമായും കര്‍ശനമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സന്ദേശങ്ങള്‍ ഒരിക്കലും ലിങ്കുകള്‍ വഴി വ്യക്തിഗതമോ സാമ്പത്തികമോ ആയ വിശദാംശങ്ങള്‍ ആവശ്യപ്പെടാറില്ല.
സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിക്കുന്ന പൗരരും താമസക്കാരും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ MyGov ആപ്പ് വഴിയോ 922 എന്ന ഹോട്ട്ലൈന്‍ വഴിയോ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യണമെന്ന് ഐ.ജി.എ. അഭ്യര്‍ത്ഥിച്ചു.
