കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വനിത തെരഞ്ഞെടുക്കപ്പെട്ടു.
ലയ മരിയ ജയ്സന് ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്ബാടിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
അഭിമാനം വാനോളം അതിലേറെ ഉത്തരവാദിത്തം, എന്നാണ് പുതിയ ചുമതല ഏറ്റെടുത്ത ലയയുടെ പ്രതികരണം. ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്റെ അംഗത്വം കരുത്തുനല്കുമെന്ന് ലയ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിര്‍വ്വഹിക്കുമെന്നും ലയ പറഞ്ഞു.
ചങ്ങനാശേരി സ്വദേശിനിയായ ലയ ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് ഈ 30കാരി.