ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ 29 കേന്ദ്രങ്ങളിൽ കരിമരുന്നു പ്രയോഗം ഉൾപ്പെടെയുള്ള വൻ ആഘോഷ പരിപാടികളുമായി നഗരം ഒരുങ്ങുന്നു. എക്സ്പോ പ്രമാണിച്ച് കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തി. ഗതാഗതം സുഗമമാക്കാനും തിരക്കൊഴിവാക്കാനും വിപുല ക്രമീകരണം. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാകും ഓരോ വേദിയിലും പരിപാടികൾ നടത്തുകയെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
എക്സ്പോ വേദികളും ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളുടെ പവിലിയനുകളിലും വൈവിധ്യമാർന്ന പുതുവത്സരാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. ഓരോ രാജ്യത്തിന്റെയും കലാ-സാംസ്കാരിക പരിപാടികൾ ആസ്വദിക്കാം.