
ദുബൈ: ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നായ ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം. കോടികളുടെ ഇടപാട് കൊണ്ട് റെക്കോർഡിടുന്നതാണ് ഓരോ എയർഷോയും. മിഡിൽ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനികൾ ഇത്തവണ എന്തൊക്കെ വാങ്ങിക്കൂട്ടുമെന്ന ആകാംക്ഷ ഇപ്പോൾത്തന്നെ സജീവമാണ്.
എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, റിയാദ് എയർ തുടങ്ങി വൈഡ് ബോഡി വിമാനങ്ങളിൽ മിഡിൽ ഈസ്റ്റിൽ ഈ കമ്പനികളുടെ ഡിമാൻഡിനൊപ്പം പിടിച്ചുനിൽക്കാൻ പാടുപെടും വിമാന നിർമാതാക്കൾ. കഴിഞ്ഞ വർഷം ആദ്യ ദിനം തന്നെ 6300 കോടി ഡോളറിന്റെ വിമാനങ്ങൾ വാങ്ങാനാണ് കരാർ ഒപ്പുവെച്ചത്. യുഎഇ മാത്രം 125 വിമാനങ്ങൾക്ക് ഓർഡർ നൽകി. എയർഷോയിൽ വിമാനങ്ങളിലെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്. വൈഡ് ബോഡി പാസഞ്ചർ വിമാനങ്ങളിൽ ബോയിങ് 777 എക്സ് ആയിരുന്നു കഴിഞ്ഞ തവണ താരം. യാത്രാ വിമാനങ്ങളിൽ ലോകത്തുണ്ടായ സമീപകാലത്തെ അപകടങ്ങൾ പഠിച്ചുള്ള മാറ്റങ്ങളും കാണാനായേക്കും. യുദ്ധ വിമാനങ്ങളുടെ ഗണത്തിൽ ഇന്ത്യയിൽ നിന്ന് തേജസ് വിമാനങ്ങൾ കഴിഞ്ഞ വർഷം ശ്രദ്ധയാകർഷിച്ചിരുന്നു. ആകാശത്ത് യുദ്ധ വിമാനങ്ങളുടെയും യാത്രാ വിമാനങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം 21 വരെയായിരിക്കും നടക്കുക


