ദുബായ്: ഇന്ന് മുതൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേക അറിയിപ്പ് നൽകി ദുബായ് അധികൃതർ. ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെ ഏകദേശം 20 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്ക്. ജനുവരി 2 ആണ് ഏറ്റവും തിരക്കേറിയ ദിവസം.
അവധി ദിനങ്ങളും പുതുവത്സരാഘോഷത്തിനായി ദുബായിലെത്തുന്നവരുടെ തിരക്കും കണക്കിലെടുത്ത് അസാധാരണമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണു പ്രത്യേക അറിയിപ്പ് നൽകുന്നത്.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, യാത്രക്കാർ ഈ സാഹചര്യം മനസിലുണ്ടാവണമെന്നാണ് നിർദ്ദേശം. കുടുംബത്തോടൊപ്പവും 12 വയസിന് മുകളിലുള്ള കുട്ടികളുമായും യാത്ര ചെയ്യുന്നവർക്ക് പാസ്പോർട്ട് പരിശോധന വേഗത്തിലാക്കാൻ വിമാനത്താവളത്തിന്റെ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്ക് അനുഭവപ്പെടുന്നതിനാൽ, വിമാനത്താവളത്തിലെത്താൻ കുറച്ചധികം സമയം കരുതണം.