
മനാമ: ബഹ്റൈനില്‍ മയക്കുരുന്ന് കടത്ത് കേസില്‍ 29കാരനായ ജോര്‍ദാന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 5 വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.
എയര്‍ കാര്‍ഗോ വഴി 1,30,000ത്തിലധികം മയക്കു ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ കേസിലാണ് കോടതി വിധി. ഏതാണ്ട് 6,40,000 ദിനാര്‍ വിലവരുന്ന കാപ്റ്റണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്കിയ വിവരത്തെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ്, കസ്റ്റംസ് അധികൃതര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
പ്രതിയുടെ പേരിലുള്ള പാര്‍സലില്‍ ലോഹ, റബ്ബര്‍ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കു ഗുളികകള്‍ കണ്ടെത്തിയത്. പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറന്‍ റിഫയില്‍ താമസിച്ചിരുന്ന പ്രതി പാര്‍സല്‍ എത്തുന്നതിനു മുമ്പ് രാജ്യം വിട്ടിരുന്നു. ഇയാളുടെ 38കാരിയായ സഹോദരിയെയാണ് പാക്കേജ് കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയിരുന്നത്. സഹോദരിയെ ആദ്യം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.
