തിരുവനന്തപുരം : എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നാലാഴ്ചയ്ക്കകം എസ് എ റ്റി സൂപ്രണ്ട് രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
നവജാത ശിശുക്കൾക്ക് അടിയന്തിര ആവശ്യമുള്ള മരുന്നുകൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സക്ക് ആവശ്യമുള്ള മരുന്നുകളും ചികിത്സാ സാമഗ്രികളും കിട്ടാനില്ല. ആശുപത്രി ഫാർമസിയിൽ ഇവ ലഭ്യമല്ലാത്തതിനാൽ വൻ വില നൽകി പുറത്തു നിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. ചികിത്സാ സഹായ പദ്ധതികളുടെ സഹായത്തോടെ മരുന്ന് വാങ്ങാമെന്ന് കരുതിയാൽ ഇവ കാരുണ്യ ഫാർമസിയിലും കിട്ടാനില്ല.
ആശുപത്രി സൂപ്രണ്ട് മരുന്നുകൾക്ക് യഥാസമയം ഓർഡർ നൽകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ജോസ് വൈ ദാസും നജീബ് ബഷീറും പരാതിയിൽ പറഞ്ഞു.