
കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. 2024 ല്‍ മാത്രം ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 120%ത്തിലധികം വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2024 ല്‍ മാത്രം മയക്കുമരുന്നിന്റേയോ മദ്യത്തിന്റേയോ സ്വാധീനത്തില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം,മറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ 88 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023ല്‍ അത്തരം 37 കേസുകളും 2022ല്‍ 28 കേസുകളും 2021 ല്‍ വെറും 16 കേസുകളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 23 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനുവരിയില്‍ താമരശ്ശേരിയില്‍ 53 വയസുള്ള ഒരു സ്ത്രീയെ 24വയസുള്ള മകന് ആഷിഖ് വെട്ടിക്കൊന്നു. ആഷിഖ് മയക്കുമരുന്നിനടിമയായിരുന്നു. കഴിഞ്ഞ മാസം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ 25 വയസുള്ള ഒരാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മറ്റൊരു കേസില്‍ മലപ്പുറത്തെ താനൂരില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 35 കാരന് വയോധികരായ മാതാപിതാക്കളെ ഉപദ്രവിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.
യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും ദുരുപയോഗത്തിലെ വര്‍ധനവും അക്രമ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി പറയുന്നു. മകന് മാതാപിതാക്കളെ ആക്രമിക്കുന്നതും ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുന്നതുമായ കേസുകള്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ ഒതുങ്ങുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മാത്രമാണ് പുറത്തു വരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. മയക്കുമരുന്ന് കടത്തും ലഹരി വസ്തുക്കളുടെ ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ഒറ്റപ്പെടല്‍, ശരിയായ രീതിയിലല്ലാത്ത പേരന്റിങ്, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി എന്നിവയാണ് യുവാക്കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ദുരുപയോഗവും വര്‍ധിക്കുന്നതിന് കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി പ്രൊഫ. ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു. മയക്കുമരുന്ന് തീരുമാനമെടുക്കാനും ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ അക്രമാസക്തമായ പ്രതികരണങ്ങളിലേയ്ക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ യുവാക്കള്‍ക്ക് വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും മാതാപിതാക്കളോട് ഒരു അവഗണനാ മനോഭാവം സൃഷ്ടിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശരിയായ വിദ്യാഭ്യാസം ആവശ്യമാണ്. പ്രതിരോധ ശേഷിയും വൈകാരിക നിയന്ത്രണവും പഠിപ്പിക്കുന്ന ജീവിത നൈപുണ്യ വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കായിക വിനോദങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഡിജിറ്റല്‍ മയക്കുമരുന്ന് ആസ്തികള്‍ കുറയ്ക്കാന്‍ സ്പോര്‍ട്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രവര്‍ത്തനരഹിതമായ ക്ലബുകളെ സ്കൂളുകള്‍ പുനരുജ്ജീവിപ്പിക്കുകുയും അവരുടെ താല്‍പ്പര്യങ്ങളേയും കഴിവുകളേയും അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
