തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വെങ്ങാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ തോക്കുമായി പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകനാണ് (33) തോക്കുമായി ഭീകരാന്തരീക്ഷം തീർത്ത് പ്രതിഷേധിച്ചത്. വില്ലേജ് ഓഫീസിന്റെ ഗേറ്റ് പൂട്ടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മുരുകൻ വില്ലേജ് ഓഫീസിലെത്തിയത്. വെള്ളം കിട്ടാത്തതിനാൽ പ്രശനത്തിലാണെന്ന് അറിയിച്ച ശേഷം മുരുകൻ ഗേറ്റ് പൂട്ടി. തോക്ക് പുറത്തെടുത്തതോടെ വില്ലേജ് ഓഫീസിലുണ്ടായിരുന്നവർ പരിഭ്രാന്തിയിലായി. ഇതേതുടർന്ന് വില്ലേജ് ഓഫീസർ തഹസിൽദാരെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മുരുകന്റെ കൈവശം എയർഗൺ ആണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുരുകൻ വെങ്ങാനൂരിൽ കട നടത്തുകയാണ്. ഏറെ നാളായി വെള്ളം കിട്ടാത്ത പ്രശ്നമുണ്ടെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു.