കോട്ടയം: പാലാ നഗരസഭയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം യോഗത്തിനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ബിനുവിനെ മാറ്റി ജോസിൻ ബിനോയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയിലെത്തിയത്. കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിനപ്പുറം പ്രവർത്തിക്കില്ല. ജോസ് കെ മാണിക്ക് തുറന്ന കത്തെഴുതുമെന്നും ബിനു പ്രതികരിച്ചു.
സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ പാലാ നഗരസഭാ അധ്യക്ഷൻ ആക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ കേരള കോൺഗ്രസ് (എം) ശക്തമായ എതിർപ്പ് ഉയർത്തിയതോടെ ജോസിൻ ബിനോയെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.
നഗരസഭാ ഹാളിൽ വെച്ച് ബിജു പുളിക്കക്കണ്ടം കേരള കോൺഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ ആക്രമിച്ചതാണ് എതിർപ്പിന് കാരണം. സി.പി.എം ചിഹ്നത്തിൽ വിജയിച്ച ഏക കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സി.പി.എമ്മിനുള്ളത്. നേരത്തെയുള്ള ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ് (എം) അധ്യക്ഷസ്ഥാനം വഹിക്കും. അതിനുശേഷം ഒരു വർഷം സി.പി.എമ്മിനും അടുത്ത രണ്ട് വർഷത്തേക്ക് കേരള കോൺഗ്രസ് എമ്മിനും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യത്തെ രണ്ട് വർഷം ആന്റോ പടിഞ്ഞാറേക്കരയായിരുന്നു അധ്യക്ഷന്.