
മനാമ: ബഹ്റൈനില്‍ ഇറക്കുമതിച്ചരക്കുകെട്ടില്നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷയും 500 ദിനാര്‍ വീതം പിഴയും വിധിച്ചു.
കുവൈത്തില്‍നിന്ന് ഇറക്കുമതി ചെയ്ത ചരക്കുകെട്ടില്നിന്നാണ് ഇവര്‍ 14 വസ്ത്രങ്ങള്‍ മോഷ്ടിച്ചത്. ഒരു വസ്ത്രക്കമ്പനിക്കു വേണ്ടി എത്തിയ ചരക്കായിരുന്നു ഇത്. ഇതില്‍നിന്ന് 14 വസ്ത്രങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
ഇവര്‍ വസ്ത്രങ്ങള്‍ എടുത്ത് പാകമാണോ എന്ന് ധരിച്ചുനോക്കുന്നത് ഒരു ശുചീകരണ തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി.


