ശാസ്താംകോട്ട: അധ്യാപക കലാ സാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരം ഗായികയും എഴുത്തുകാരിയും സാംസ്കാരികപ്രവർത്തകരും ആതുരസേവനരംഗത്തെ നിസ്വാർത്ഥ സേവകയുമായ ഡോ: എൽ ടി ലക്ഷ്മിക്ക്. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി അർജ്ജുനൻ സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ വച്ച് പുരസ്കാരം നൽകി.
10,001 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും നൽകി ഡോ: ലക്ഷ്മിയെ ആദരിച്ചു. അധ്യാപക കലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഫ്രാൻസിസ്, മറ്റു പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

ഗവണ്മെന്റ് ആയുർവേദ കോളേജിൽ നിന്ന് ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഡോ: എൽ ടി ലക്ഷ്മി. എംബിഎ ഹോസ്പിറ്റൽ മാനേജ്മെന്റും നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പിജി ഡിപ്ലോമകളുമുണ്ട്. ഗവൺമെൻറ് ആയുർവേദ കോളേജിൽ ടീച്ചിങ് പോസ്റ്റിൽ കരിയർ ആരംഭിച്ച ഡോ: ലക്ഷ്മി മെഡിക്കൽ ഓഫീസർ ആയി ആയുഷ് ഡിപ്പാർട്ടുമെന്റിൽ ജോലി നോക്കിയിട്ടുണ്ട്.

കൂടാതെ പബ്ലിക് ഹെൽത്ത് പ്രൊമോട്ടർ കൂടിയായ ഡോ: ലക്ഷ്മി 3500 ലധികം ഹെൽത്ത് ക്ലാസുകൾ എടുത്തിട്ടുമുണ്ട്. ആരോഗ്യ വിചാരം എന്ന സ്ഥിരം പംക്തി എഴുതുന്നുണ്ട്. സ്റ്റാർവിഷന്റെ ആരോഗ്യ അവബോധ പരിപാടിയായ ആയുർ ജീവനത്തിന്റെ അവതാരകയുമാണ്. കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള ഡോ: ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. ഇപ്പോൾ കടയ്ക്കൽ ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിനോക്കി വരികയാണ് ഡോ: ലക്ഷ്മി.