കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലപാതക കേസിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ് 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസിൽ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.
സന്ദീപിന്റെ വസ്ത്രത്തിലുണ്ടായിരുന്ന ഡോ. വന്ദനയുടെ രക്തക്കറയും സിസിടിവി ദൃശ്യങ്ങളുമുൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും ദൃക്സാക്ഷികളായ വന്ദനയുടെ സഹപ്രവർത്തകരുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ പ്രതിയായ സന്ദീപിന് യാതൊരു വിധത്തിലുമുള്ള മാനസിക പ്രശ്നങ്ങളുമില്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തി. എന്നാൽ സന്ദീപ് മദ്യാസക്തിയെ തുടർന്നുള്ള വിത്ത്ഡ്രോവൽ സിൻഡ്രോവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകൾ പ്രതിഭാഗം സമർപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ എഫ്.ഐ.ആറിലെ പിഴവ് അടക്കം അന്വേഷണസംഘത്തിന് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അത് കേസിനെ സ്വാധീനിച്ചേക്കില്ല എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം, പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം തള്ളിയ കോടതി, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം തീരുമാനം.