
മനാമ: ബഹ്റൈനിലെ ഹിദ് സിറ്റിയിലെ അൽ ഹിദ് ഹൗസിങ് പ്രോജക്ടിൽ 220 കെ.വി. വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനും ജലവിതരണ സ്റ്റേഷനും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, മന്ത്രിമാർ, ഉദ്യോഗസ്ഥർ, സൗദി ഫണ്ട് ഫോർ ഡെവലപ്മെൻ്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുൽത്താൻ ബിൻ അബ്ദുൽറഹ്മാൻ അൽ മർഷാദിൻ്റെ നേതൃത്വത്തിലുള്ള ഫണ്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സമഗ്രവികസന പ്രക്രിയയുടെ ചട്ടക്കൂടിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഈ അവശ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നഗരവികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് വൈദ്യുതി, ജല ശൃംഖലകളുടെ വികസനമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.
വൈദ്യുതി, ജല പദ്ധതികളുടെ ആകെ ചെലവ് 85 ദശലക്ഷം ഡോളറാണ്.
360 എംവിഎ ശേഷിയുള്ള പുതുതായി തുറന്ന 220 കെവി വൈദ്യുതി സ്റ്റേഷൻ, പ്രധാന ഇലക്ട്രിസിറ്റി ഗ്രിഡിൽ നിന്ന് പ്രാദേശിക 66 കെവി സബ്സ്റ്റേഷനുകളിലേക്ക് വൈദ്യുതി പ്രക്ഷേപണം ചെയ്തുകൊണ്ട് ഹിദ്ദിലും പരിസര പ്രദേശങ്ങളിലുമുള്ള 40,000 ഉപയോക്താക്കൾക്ക് സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
