പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് നാളെ സര്‍വകക്ഷിയോഗം ചേരും. മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. നാളെ വൈകീട്ട് 3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ അടക്കം കര്‍ശന നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നിന്നും 500 പൊലീസുകാരടങ്ങിയ സംഘം എത്തി. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്ത് സുരക്ഷ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്കുന്ന വിവരം. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.