റിയാദ്: വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് ടിക്കറ്റിന്റെ ഇരട്ടിത്തുക വരെ നഷ്ടപരിഹാരം നൽകാൻ സൗദി അറേബ്യ. നവംബർ 20 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. വിമാനം അനിശ്ചിതമായി വൈകുക, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിങ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് തരംതാഴ്ത്തൽ, ബുക്കിങ് നടത്തുമ്പോൾ ഇല്ലാതിരുന്ന സ്റ്റോപ്പോവർ പിന്നീട് ഉൾപ്പെടുത്തൽ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുയുണ്ട്.
വിമാന കമ്പനികളിൽ നിന്ന് യാത്രക്കാർ നേരിടാറുള്ള വിവിധ പ്രശ്നങ്ങൾക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വർധിപ്പിച്ചാണ് നിയമം പരിഷ്കരിച്ചത്. ലഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. രണ്ട് മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ വിമാന കമ്പനിക്കെതിരെ പരാതിപ്പെടാം. ഹജ്, ഉംറ യാത്രാ വിമാനങ്ങൾക്കും നിയമം ബാധകമാണ്.
ടിക്കറ്റ് എടുക്കുന്നതു മുതൽ യാത്ര അവസാനിച്ച് ലഗേജ് എടുക്കുന്നതുവരെയുള്ള സേവനത്തിൽ വീഴ്ച വരുത്തുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ യാത്രക്കാരന് അവകാശമുണ്ട്. വിമാന സേവനം മെച്ചപ്പെടുത്തുകയും യാത്രക്കാരന്റെ അവകാശം സംരക്ഷിക്കുകയുമാണ് നിയമം പുതുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദഹ്മസ് പറഞ്ഞു. നിയമം പ്രാബല്യത്തിലാകുന്നതോടെ വിമാന സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.