
ന്യൂഡല്‍ഹി: പാകിസ്ഥാന് നല്കുന്ന പിന്തുണയിലും യുക്രെയ്ന് റഷ്യ സംഘര്‍ഷത്തിലും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പോളണ്ട് നിലപാടിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുക്രെയ്ന് റഷ്യ സംഘര്‍ഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നുവെന്ന കാരണത്താല്‍ തങ്ങളെ ലക്ഷ്യം വയ്ക്കരുതെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോര്‍സ്കിയുമായുള്ള ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജയശങ്കര്‍ ഇന്ത്യയുടെ ആശങ്കകള്‍ ഉന്നയിച്ചത്.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കരുത്. അതിര്‍ത്തികടന്നുള്ള ഭീകരതയുടെ ദീര്‍ഘകാല വെല്ലുവിളികളെക്കുറിച്ച് പോളണ്ടിന് നല്ല അറിവുണ്ട്. ഇന്ത്യയുടെ അയല്പക്കത്ത് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താന്‍ സഹായിക്കരുത്. ഭീകരതയോട് പോളണ്ട് ഒരു വിട്ടുവീഴ്ചയും കാട്ടരുത്. ഇന്ത്യയുടെ മേഖലകളേക്കുറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് അറിയാത്തതല്ലെന്ന് ചൂണ്ടിക്കാട്ടി ജയശങ്കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പോളണ്ടും പാകിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീരിനെയും ഭീകരതയെയും കുറിച്ച് പരാമര്‍ശിച്ച സംഭവത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.
ഇന്ത്യ-പോളണ്ട് പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയില്‍ താത്പര്യം പ്രകടിപ്പിച്ചു. 2024 വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ നവീകരണം എന്നിവയില്‍ ആഴത്തിലുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് സന്ദര്‍ശിച്ചപ്പോഴും പരസ്പര സഹകരണത്തില്‍ ചർച്ചകൾ നടന്നിരുന്നു.


