
വാഷിങ്ടൺ: ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.
‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നൽകിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവിൽ രക്ഷപ്പെടുത്തി- ട്രംപ് പറഞ്ഞു.
രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഇതിൽ ഒരു പൈലറ്റിനെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇറാന് തകര്ത്ത യു.എസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇരു രാജ്യങ്ങളും തെരച്ചിൽ ഊർജിതമാക്കി. തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പൈലറ്റിനെ രക്ഷിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്. എന്നാൽ പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടില്ല.


